മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മതാധ്യാപകര്‍ക്ക് കരുത്ത് പകരുക

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന മദ്‌റസ പ്രസ്ഥാനം മുസ്‌ലിം ലോകത്ത് ഒരിടത്തും തുല്യത കണ്ടെത്താനാകാത്ത അത്ഭുതകരവും അനുഗൃഹീതവുമായ ഒരു മഹല്‍ സംരംഭമാണ്. മത വിജ്ഞാനങ്ങളുടെ പവിത്രമായ പൈതൃകം കാത്തുസൂക്ഷിക്കുകയും പാരമ്പര്യത്തനിമയോടെ പുതു തലമുറക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന മഹിതമായ ദൗത്യമാണ് 1951 ല്‍ രൂപം കൊണ്ട സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡും 1959ല്‍ രൂപം കൊണ്ട ജംഇയ്യത്തുല്‍ മുഅല്ലിമീനും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. സമസ്തക്കു കീഴിലെ പതിനായിരത്തോളം മദ്‌റസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പുരോഗതിക്കു വേണ്ട ബഹുമുഖമായ പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതും ഈ സംഘടനകളാണ്.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രവര്‍ത്തനം 425 റെയ്ഞ്ചുകളും 21 ജില്ലാ ഘടകങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. മദ്‌റസാ മുഅല്ലിമുകള്‍ക്ക് ശാസ്ത്രീയമായ അധ്യാപനരീതികളില്‍ പരിശീലനം കൊടുക്കുന്നതോടൊപ്പം അവരുടെ അക്കാദമിക-സാമ്പത്തിക-ധൈഷണിക അഭിവൃദ്ധിക്കുവേണ്ടിയും സംഘടന വിവിധ പരിപാടികളാവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നു.
വീട് നിര്‍മാണം, വിവാഹം, ചികിത്സ, പ്രസവം, വിധവാസംരക്ഷണം, അവശസഹായം, സര്‍വീസ് ആനുകൂല്യം, പെന്‍ഷന്‍, മരണാനന്തര ക്രിയാ സഹായം, പ്രവര്‍ത്തക അലവന്‍സ്, മോഡല്‍ ക്ലാസ് അലവന്‍സ്, മദ്‌റസാ ഗ്രാന്റുകള്‍, വിവിധ അവാര്‍ഡുകള്‍, മുഅല്ലിം നിക്ഷേപ പദ്ധതി, കലാസാഹിത്യ മത്സരം, വിവിധ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇതിനകം വിജയകരമായി പ്രയോഗവത്കരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ മുഅല്ലിം പെന്‍ഷനും നിക്ഷേപപദ്ധതിയും പോലുള്ള സംരംഭങ്ങള്‍ക്ക് കേരളത്തിലെ ഇതര സാമുദായിക സംഘടനകള്‍ ധൈര്യം കാണിച്ചിട്ടില്ലെന്നറിയുമ്പോഴാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ കൈവരിച്ചിരിക്കുന്ന സമുന്നതമായ അഭിവൃദ്ധിയും സ്വീകാര്യതയും അനാവൃതമാവുന്നത്. ഒന്നു കൂടി പറഞ്ഞാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കവച്ചുവയ്ക്കുന്ന വിധം ശാസ്ത്രീയവും അന്യൂനവുമാണ് നമ്മുടെ ആവിഷ്‌കാരങ്ങളൊക്കെയും.
വിവിധ ഭാഗങ്ങളില്‍ നിന്നു കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മദ്‌റസാ പ്രസ്ഥാനത്തെ ക്രിയാത്മകമായി നിലനിര്‍ത്തുകയെന്നതും പ്രതികൂലാവസ്ഥകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുകയെന്നതുമാണ് പുതിയകാലത്ത് സംഘടനാ പ്രവര്‍ത്തകര്‍ നിര്‍വഹിക്കേണ്ട ദൗത്യം. മത വിദ്യാഭ്യാസം അലങ്കാരമോ ഐച്ഛികമോ ആവശ്യമില്ലാത്തതോ ആയിക്കാണുന്ന തലമുറയാണ് ഇന്നു ജീവിക്കുന്നത്. വര്‍ധിച്ചുവരുന്ന ആംഗലേയ വിദ്യാലയങ്ങളും അവയാല്‍ ആകര്‍ഷിക്കപ്പെടുന്ന മത-ധര്‍മ ബോധമില്ലാത്ത അനേകം വിദ്യാര്‍ഥിക്കൂട്ടങ്ങളും വിളിച്ചോതുന്നത് ഈ ഒരു യാഥാര്‍ഥ്യമാണ്.
പല വിധത്തിലുള്ള വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിക്കേണ്ടി വരുന്ന നമ്മുടെ സമുദായത്തില്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് മുഅല്ലിമീങ്ങള്‍. അധ്യാപക ക്ഷാമം, മുഅല്ലിംകളുടെ കൊഴിഞ്ഞു പോക്ക്, അധ്യാപനത്തിനുള്ള സമയക്കുറവ്, പഠിച്ചറിഞ്ഞ കാര്യങ്ങള്‍ പുതുതലമുറയുടെ പ്രായോഗിക ജീവിതത്തില്‍ അവഗണിക്കപ്പെടുന്നത് തുടങ്ങി ഒട്ടനേകം സങ്കീര്‍ണതകള്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ ത്വരിത ഗമനത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

 

ഈ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തെ ഈ സാമൂഹിക ദുരന്തത്തെ കുറിച്ച് ബോധവാന്മാരാക്കുകയും പുതിയ പരിഹാര മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വര്‍ഷവും ഒരു ദിവസം മുഅല്ലിം ദിനമായി ആചരിക്കാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചത്. രൂക്ഷമായ സാമ്പത്തിക പരാധീനതകള്‍ മൂലം മുഅല്ലിമീങ്ങളുടെ കൊഴിഞ്ഞുപോക്കിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മുഅല്ലിം ക്ഷേമനിധിയിലേക്കുള്ള ഫണ്ട് സമാഹരണവും ഇതോടനുബന്ധിച്ച് നടക്കുന്നു. അസംഘടിതത്വവും അരാജകത്വവും രൂക്ഷമായ പുതുതലമുറയെ നന്മയുടെ വഴികളിലേക്ക് തിരിച്ചുവിടുകയെന്നതാണ് മുഅല്ലിം ദിനം നല്‍കുന്ന സന്ദേശം.

 

ജീവിത സാഹചര്യങ്ങളും ദൈനംദിന ചെലവുകളും വര്‍ധിക്കുകയും വേതനം കാലോചിതം വര്‍ധിക്കാതിരിക്കുകയും ചെയ്തപ്പോള്‍ മിക്ക മദ്‌റസാധ്യാപകരും സേവനരംഗം മാറാന്‍ തുടങ്ങി. ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാധ്യാപകരെ സാമ്പത്തികമായി സഹായിക്കുന്നതിനായി പലതരം ക്ഷേമപദ്ധതികള്‍ നടപ്പാക്കി. കോഴ്‌സുകളും സര്‍വീസും പരിഗണിച്ച് 2500 രൂപ വരെ സര്‍വീസ് ആനുകൂല്യവും മക്കളുടെ വിവാഹം, വീട് നിര്‍മാണം, ബന്ധപ്പെട്ടവരുടെ ചികിത്സ, പ്രസവം, മരണപ്പെട്ട മുഅല്ലിമിന്റെ കുടുംബ സംരക്ഷണം, മരണാനന്തര ക്രിയ തുടങ്ങിയവക്കുള്ള സഹായം, സര്‍വീസ് പൂര്‍ത്തിയാക്കി പിരിയുന്നവര്‍ക്ക് മാസാന്ത പെന്‍ഷന്‍, സര്‍വീസില്ലാതെ സേവനം നിര്‍ത്തുന്നവര്‍ക്ക് സമാശ്വാസമായി അവശസഹായം തുടങ്ങിയവയും നല്‍കി വരുന്നു. പ്രസ്ഥാനത്തിന്റെ സുവര്‍ണജൂബിലി സമ്മേളന സ്മാരകോപഹാരമായി നിരവധി മുഅല്ലിംകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സാധിച്ചതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

 

മദ്‌റസാ, വിദ്യാര്‍ഥി-അധ്യാപക ക്ഷേമോന്നമന പ്രവര്‍ത്തികള്‍ക്കും പദ്ധതികള്‍ക്കുമായി കോടിക്കണക്കിന് രൂപയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷാ വര്‍ഷം ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. ക്ഷേമനിധിയില്‍ നിന്ന് ഈ വര്‍ഷം മുതല്‍ വിവാഹം, വീട് എന്നീ ആവശ്യങ്ങളില്‍ 27,000 രൂപ വരെയും ചികിത്സ, വിധവാ, അടിയന്തിര സഹായം എന്നിവക്ക് 15,000 രൂപ വരെയും അവശതാ സഹായം 8,000 രൂപ വരെയും വര്‍ധിപ്പിച്ചു.

 

മരണാനന്തര ക്രിയാസഹായം, കിണര്‍, കക്കൂസ് നിര്‍മാണ സഹായം എന്നിവക്ക് 5000 രൂപ വരെയും മുഅല്ലിം പെന്‍ഷന്‍ 1000 രൂപയായും ഉയര്‍ത്തി. മദ്‌റസാ അധ്യാപകരുടെ ഭാര്യമാരുടെ ഓരോ പ്രസവത്തിനും 5000 രൂപ വീതം ധനസഹായം നല്‍കുന്നു. സര്‍വിസ് ആനുകൂല്യത്തിലും ഓരോ വിഭാഗങ്ങളിലുമായി വര്‍ധനവ് വരുത്തിയിട്ടുണ്ട്. തദ്‌രീബ് പരീക്ഷാ വിജയികള്‍ക്കും കൂടുതല്‍ സര്‍വിസുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നു.

 

ഇതിനു പുറമെ മദ്‌റസകള്‍ അപ്‌ഗ്രെയ്ഡ് ചെയ്യുന്നതിന്ന് പ്രോത്സാഹജനകമായി സെക്കന്ററി, ഹയര്‍ സെക്കന്ററി മദ്‌റസകള്‍ക്ക് 1000,1500 എന്നിങ്ങനെ ഗ്രാന്റും നല്‍കി വരുന്നു. ഇരുളടയുന്ന ബന്ധങ്ങളെ ശക്തമാക്കാനും സ്‌നേഹം പ്രസരിക്കുന്ന കുടുംബകങ്ങള്‍ വളര്‍ത്താനും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആരംഭിച്ച സ്‌നേഹവീട് പദ്ധതിക്ക് വന്‍സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്നു ലഭിക്കുന്നത്.
വിദ്യാഭ്യാസ ബോര്‍ഡ് ഇതിനകം അംഗീകാരം നല്‍കിയ 9766 മദ്‌റസകളിലൂടെ പ്രസരിതമാവുന്ന പ്രാഥമിക മതവിജ്ഞാനവും തദനുസൃതമായ സംസ്‌കരണവും വഴി ധാര്‍മികതയുടെയും മതബോധത്തിന്റെയും ആദ്യാക്ഷരി കുറിച്ചു കൊടുക്കുന്ന അധ്യാപകരും അതുള്‍ക്കൊള്ളാന്‍ പാകപ്പെട്ട ബൃഹത്തായൊരു വിദ്യാര്‍ഥി സമൂഹവും ഇപ്പോഴുണ്ട്.

 

ഈ സംവിധാനം ലോകാവസാനം വരെ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ശോഷണം മൂലം സംഭവിച്ചേക്കാവുന്ന ഭീഷണമായ സാംസ്‌കാരികാപകടവും ധര്‍മച്യുതിയും സമുദായത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ബോധ്യപ്പെടുത്താനും വിദ്യാര്‍ഥികളുടെ നാനോന്മുഖ പുരോഗതിക്കാവശ്യമായ നയനിലപാടുകള്‍ രൂപീകരിക്കാനും മുഅല്ലിം ക്ഷേമനിധിയിലേക്കു ഫണ്ട് ശേഖരണം നടത്താനുമാണ് ഇന്ന് ഞായറാഴ്ച ആചരിക്കുന്ന മുഅല്ലിം ഡെ ഉപയോഗപ്പെടുത്തേണ്ടത്.

Leave a Reply