ബി.ജെ.പിയെ ജനം തിരിച്ചറിയുന്നു; ഇനി വളര്‍ച്ച താഴോട്ട്: പി.കെ കുഞ്ഞാലിക്കുട്ടി

കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ പിടിച്ചുലക്കിത്തുടങ്ങിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇതിന്റെ അരുണനങ്ങളാണ് പുതിയ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍. അനായാസകരമായി നടപ്പാക്കാമെന്ന വ്യാമോഹത്തോടെയാണ് ഈ നിയമവുമായി ഭരണകൂടം രംഗത്ത് വരുന്നത്. എന്നാല്‍ കലാലയങ്ങളിലെ വിദ്യാര്‍ഥികളാരംഭിച്ച സമരം രാജ്യമെങ്ങും ഏറ്റെടുത്തു. മത-ജാതി ഭേദമന്യേ സര്‍വരും തെരുവിലിറങ്ങി. ലോക രാജ്യങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങി. ഇവയെല്ലാം കേന്ദ്രത്തിന്റെ ധാര്‍ഷ്ഠ്യത്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. എന്‍.ആര്‍.സിയില്‍ നിന്ന് പിന്മാറുമെന്ന തരത്തിലുള്ള പുതിയ പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ കോടതിയില്‍ പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.