ആശ്രാമം മൈതാനിയില്‍ ജനസാഗരം തീര്‍ത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളനം കൊടിയിറങ്ങി


കൊല്ലം: വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ കൊല്ലം ആശ്രാമം മൈതാനത്തെ കെ.ടി മാനു മുസ്്‌ലിയാര്‍ നഗറില്‍ വെച്ച് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം ഇന്നലെ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. വൈകുന്നേരം ആരംഭിച്ച സമാപന പരിപാടിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധമായി സമാപന സമ്മേളനം മാറി. പൗരത്വ നിയമവുമായി മുന്നോട്ട് പോവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള രോഷവും പ്രതിഷേധവും സമാപന സമ്മേളനത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിന്നു. സമ്മേളനത്തില്‍ വെച്ചുനടന്ന രാജ്യരക്ഷാ പ്രതിജ്ഞ പൗരത്വ ഭേദഗതി നിയമത്തിനെരെയുള്ള സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു.
വൈകീട്ട് 4.30 ന് ആരംഭിച്ച സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ശൈഖ് ഫുആദ് മഹ്മൂദ് അല്‍ ഖയ്യാഥ്(മദീന), ശൈഖ് മുസ്അബ് ഫുആദ് എന്നിവര്‍ മുഖ്യാതിഥികളായി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍, അബ്ദുസ്സമദ് സമദാനി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ സംസാരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്്‌ലിയാര്‍, ചേലക്കോട് മുഹമ്മദ് മുസ്്‌ലിയാര്‍, കെ.പി.സി തങ്ങള്‍, ഐ.ബി ഉസ്മാന്‍ ഫൈസി, ത്വാഖാ അഹ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍, യൂനുസ് കുഞ്ഞ് എന്നിവര്‍ അതിഥികളായി. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. എം.എ ചേളാരി നന്ദി പറഞ്ഞു.
വേദിയില്‍ വെച്ച് എം.എ ചേളാരി, സി. അബൂബകര്‍, കെ.സി അഹ്മദ് കുട്ടി മൗലവി, അബ്ദുറസാഖ് മുസ്്ലിയാര്‍ പുത്തലം, ഉണ്ണീന്‍ കുട്ടി മുസ്്ലിയാര്‍, ഫരീദുദ്ദീന്‍ മുസ്്‌ലിയാര്‍ എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരം, സുവനീര്‍ നിര്‍മാണ മത്സരം എന്നിവയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാനം വേദിയില്‍ വെച്ച് കൈമാറി.