പൗരത്വ വിഷയത്തില്‍ സംഘ പരിവാര്‍ അജണ്ട വ്യാമോഹം: ഹൈദരലി തങ്ങള്‍

കൊല്ലം:  ദേശീയ പൗരത്വ പട്ടിക തയാറാക്കി ഏതെങ്കിലും ഒരു വിഭാഗത്തെ ഈ രാജ്യത്ത്് നിന്നും പുറത്താക്കാമെന്ന സംഘപരിപാര്‍ അജണ്ട തീര്‍ത്തും വ്യാമോഹമാണെന്നും എല്ലാ മതക്കാരും ഒരുപോലെ പരസ്പര സൗഹാര്‍ദത്തിലും ഐക്യത്തിലും ജീവിച്ച് പോന്ന പാരമ്പര്യമാണ് രാജ്യത്തുള്ളതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതേതര, ജനാധിപത്യ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പേടിപ്പെടുത്തുന്നതാണ്. മതത്തിന്റെ പേരില്‍ വിഭാഗീയത ഉണ്ടാക്കി രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുക ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മഹിതമായ ഈ രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതുമാണ്.  വിവേചനപരവും വിഭാഗീയവുമായ ഈ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി ഇവിടെ നിലനിന്ന ആദര്‍ശ വിശുദ്ധിക്ക് പോറലേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുകയും  ചെയ്ത അവസരത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. മദ്റസാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തോടെ കേരളത്തിലെ വൈജ്ഞാനിക പ്രസരണ രംഗത്ത് വലിയ ചലനം സൃഷ്ടിക്കാന്‍ സമസ്തക്കായി. മുഅല്ലിംകളുടെ സംഘശക്തിയായ ജംഇയ്യത്തൂല്‍ മുഅല്ലിമീന്റെ രൂപീകരണതോടെയാണ് ചിതറിക്കിടന്നിരുന്ന ഇസ്ലാമിക വിദ്യഭ്യാസ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടുറപ്പും ഭദ്രതയും നല്‍കാന്‍ സാധിച്ചത്. ഇന്ന് അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പതിനായിരത്തോളം മദ്റസകളും ലക്ഷക്കണക്കിന് അധ്യാപകരും വിദ്യാര്‍ഥികളും സമസ്തക്കുണ്ടെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു നാടുകളില്‍ നിന്നും  കേരളത്തെ വ്യത്യസ്തമാക്കുന്ന ചാലക ശക്തി ഇവിടുത്തെ പണ്ഡിതരും നേതൃത്വവും തമ്മിലുള്ള ആത്മബന്ധമാണ്. മൂന്‍ഗാമികള്‍ സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിക്കുക മാത്രമാണ് നമുക്ക് അഭിലഷണീയം. പ്രബോധന മേഖലയില്‍ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്ത്, വിദ്യാഭ്യാസവും സംസ്‌കാര ബോധവും അച്ചടക്കവും ഒത്തൊരുമയുമുള്ള ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കേണ്ടതുണ്ടെന്ന് തങ്ങള്‍ പറഞ്ഞു.