പൗരത്വ നിയമത്തിനെതിരെ സമരരംഗത്തുള്ള എല്ലാവര്‍ക്കുമൊപ്പമാണ് സമസ്ത: ജിഫ്രി മുത്തുക്കോയ തങ്ങള്‍

രാജ്യത്ത് മതേതരത്വവും മാനവികതയും കാത്തുസൂക്ഷിക്കുന്നതില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌വലിയ പങ്കുണ്ടെന്നും പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തിറങ്ങണമെന്നും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ മതകീയമായ വിഭജനം ഉണ്ടാക്കുന്ന നിയമമാണ് ഇവിടെ പാസായിരിക്കുന്നത്. ഇതിന്റെ ഗൗരവവും പ്രശ്നവും രാജ്യത്തെ ഭരണാധിപരെ സൗമ്യമായി ബോധ്യപ്പെടുത്തേണ്ട ചുമതല എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. ഇന്ത്യാ മഹാരാജ്യത്തിന്റെ മതേതരാന്തരീക്ഷവും ജനാധിപത്യ സ്വഭാവവും നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപൃതരാവണം. എല്ലാ ജനാധിപത്യ സമരങ്ങള്‍ക്കുമൊപ്പം സമസ്തയും സമസ്തയുടെ പോഷക സംഘടനകളുമുണ്ട്. സമരങ്ങളെ കേന്ദ്രം അടിച്ചമര്‍ത്താന്‍ ശ്രമിക്കും തോറും പതിന്മടങ്ങ് ശക്തിയോടെ രംഗത്തെത്തുമെന്ന് തങ്ങള്‍ പറഞ്ഞു. സമസ്തയുടേതെന്ന പേരില്‍ പ്രചരിക്കുന്ന നിലപാടുകളെല്ലാം സമസ്തയുടേതല്ലെന്നും മാധ്യമങ്ങള്‍ സൂക്ഷമത പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു.