സന്തുഷ്ട കുടുംബം മാസിക
മുസ്‌ലിം കുടുംബ സദസ്സുകളില്‍ ആവേശത്തിന്റെയും അഭിമാനത്തിന്റെയും നിറച്ചാര്‍ത്ത് നല്‍കിയ, പുതിയൊരു വായനാ സംസ്‌കാരത്തിന് തുടക്കം കുറിച്ച ലക്ഷക്കണക്കിനു വായനക്കാരുള്ള ഒരു പ്രസിദ്ധീകരണമാണ് സന്തുഷ്ട കുടുംബം. മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ളത് ഇതിനാണ്.
മനുഷ്യന്റെ നിര്‍മലമായ വികാരങ്ങളെ ചൂഷണം ചെയ്യുന്നതാണ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന അധിക പ്രസിദ്ധീകരണങ്ങളും. സ്ത്രീ സൗന്ദര്യവും മെയ്ക്കപ്പു വിചാരങ്ങളും പൈങ്കിളികഥകളും സൗന്ദര്യ പോഷണ പാഠങ്ങളും കമ്പോളവത്കരിച്ചുകൊണ്ടാണ് ആ പ്രസിദ്ധീകരണങ്ങളൊക്കെയും പുറത്തിറങ്ങുന്നത്. സന്തുഷ്ട കുടുംബം ഇവിടെ വ്യതിരിക്തമാവുന്നു. കുടുംബിനിക്ക് മാര്‍ഗദര്‍ശനം നല്‍കുകയും സനാതന ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ഇസ്‌ലാമിക സംസ്‌കാരത്തിലൂടെ വായനക്കാരെ വളര്‍ത്തിക്കൊണ്ടുവരികയുമാണ് ഈ പ്രസിദ്ധീകരണത്തിന്റെ ദൗത്യം. സ്ത്രീകളില്‍ രചനാത്മകമായ വായനാശീലം ഉണ്ടാക്കിയെടുക്കുകയും വിശ്വാസപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ നേരും നെറിയും വകതിരിച്ചുകാണിച്ചു കൊടുക്കുകയും, ഇസ്‌ലാമിക ജീവിതവും സന്തുഷ്ടകരമായ കുടുംബാന്തരീക്ഷവും പരിപാലിച്ചെടുക്കുകയും ചെയ്യുക എന്നതും കുടുംബം മാസിക ലക്ഷ്യമാക്കുന്നുണ്ട്.
അല്‍മുഅല്ലിം മാസിക
സത്‌വായനയോടൊപ്പം മുഅല്ലിംകളുടെ സാഹിത്യശേഷി, രചനാശീലം, അധ്യാപന വിജ്ഞാന പുരോഗതി എന്നിവ ലക്ഷ്യമാക്കിയുള്ള സൃഷ്ടികളും സംഘടനാ സര്‍ക്കുലറുകളും സമൂഹത്തിന്റെ സ്പന്ദനവും മദ്‌റസാ വാര്‍ത്തകളും പ്രാസ്ഥാനിക ചലനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണമാണ് അല്‍മുഅല്ലിം മാസിക. ഇസ്‌ലാമിക സംസ്‌കാരവും സവിശേഷതകളും വിളിച്ചോതുന്ന പ്രൗഢമായ ലേഖനങ്ങളും മികവുറ്റ ആനുകാലിക രചനകളും അല്‍മുഅല്ലിം മാസികയെ ശ്രദ്ധേയമാക്കുന്നു. എല്ലാ മദ്‌റസകളിലേക്കും സൗജന്യമായി ഓരോ കോപ്പി വീതം വിതരണം ചെയ്തുവരുന്നു.
കുരുന്നുകൾ കുട്ടികളുടെ മാസിക
കുട്ടികള്‍ക്ക് അറിവും ആനന്ദവും ഒരുപോലെ നല്‍കുന്ന അവരുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമാണ് കുരുന്നുകള്‍. ഭൂതപ്രേത കഥകള്‍ കൈയടക്കിയ ബാല സാഹിത്യങ്ങളില്‍നിന്നും, അശ്ലീലച്ചുവയുള്ള ടെലിവിഷന്‍ സംസ്‌കാരത്തില്‍നിന്നും കുട്ടികളെ സത്‌വായനയിലേക്ക് കൈപിടിച്ചുകൊണ്ടുവരികയും, അറിവും വിവേകവുമുള്ള ഉത്തമ പൗരന്മാരായി അവരെ വളര്‍ത്തിക്കൊണ്ടുവരികയുമാണ് കുരുന്നുകളുടെ ലക്ഷ്യം. വായനാശീലമെന്നത് വലിയൊരു സമ്പാദ്യമാണ്. കുട്ടികളിലെ ബുദ്ധിയും ചിന്തയും വളരാനും, ഉല്‍കൃഷ്ടമായൊരു വ്യക്തിത്വം പോഷിപ്പിച്ചെടുക്കാനും വായന സഹായകമാവുന്നു. കുട്ടികളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം കഥ, കവിത, ചരിത്ര പാഠങ്ങള്‍, ചിത്രകഥകള്‍, ക്വിസ് മുതലായവ ഈ മനോഹരമായ മാസികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളിലെ സര്‍ഗാത്മകതയും ജന്മവാസനകളും ഇസ്‌ലാമിക ചുറ്റുപാടുകളിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന് വിവേകവും പക്വതയുമുള്ള പുതിയൊരു തലമുറയെ സൃഷ്ടിക്കാന്‍ കുരുന്നുകള്‍ പരിശ്രമിക്കുന്നു.