കേരളീയ മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ചുകൊണ്ട്, സത്യദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ കരുത്തേകിയ മഹിത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ്. യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ശരിയായ വിധത്തില്‍ മതബോധനം നടത്തുകയും ചെയ്യുന്നതില്‍ മലയാളി മുസ്‌ലിംകള്‍ ലോകത്തിനുതന്നെ മാതൃകയായിത്തീര്‍ന്നിരിക്കുന്നു. അഭിമാനകരമായ വിധത്തില്‍ ഇസ്‌ലാമിക സംസ്‌കാരവും പ്രബുദ്ധതയും പരിരക്ഷിക്കുന്നതില്‍ ‘സമസ്ത’ വഹിച്ച പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍, മദ്‌റസകള്‍, അറബിക് കോളേജുകള്‍, മറ്റുവിജ്ഞാനകേന്ദ്രങ്ങള്‍ തുടങ്ങി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അതിവിപുലമാണ്. സമുദായത്തിന് പരിപക്വമായ നേതൃത്വം നല്‍കുകയും വ്യക്തമായ ദിശാബോധം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നതില്‍ സമസ്ത ഇന്നും ആര്‍ജ്ജവത്തോടെ മുന്നേറുന്നു.
സമസ്തയുടെ വിജ്ഞാന ശൃംഖലക്ക് ചുക്കാന്‍ പിടിക്കുന്ന കീഴ്ഘടകമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. കേരളത്തിനകത്തും പുറത്തുമായി 10807 മദ്‌റസകളാണ് ഇപ്പോള്‍ ബോര്‍ഡിന് കീഴിലുള്ളത്. പ്രതിമാസം അംഗീകരണത്തിന് പുതിയവ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമഗ്രവും വ്യവസ്ഥാപിതവുമായ പാഠ്യപദ്ധതിയും പരീക്ഷാസമ്പ്രദായങ്ങളും അവതരിപ്പിക്കുകവഴി പുതിയ തലമുറക്ക് അറിവിന്റെ അക്ഷയഖനി തുറന്നു നല്‍കുകയാണിവിടെ. ദീനീ ബോധമുള്ള ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരിക. മാതൃ പിതൃ ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്ന തലമുറകളെ സൃഷ്ടിച്ചെടുക്കുക. ഇസ്‌ലാമിക വിജ്ഞാനം കാലങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുക. ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ചു ജീവിക്കുന്ന സമൂഹത്തെ ഉണ്ടാക്കിയെടുക്കുക. തുടങ്ങിയവയാണ് ഈ മദ്‌റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
പത്ത് ലക്ഷം വിദ്യാര്‍ത്ഥികളാണ് സമസ്തയുടെ മദ്‌റസകളിലുള്ളത്. പതിനായിരക്കണക്കിന് അദ്ധ്യാപകരും സേവനരംഗത്തുണ്ട്. ഈ മദ്‌റസാധ്യാപകരുടെ കൂട്ടായ്മയാണ് ‘സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന്‍’. ബൃഹത്തായൊരു അധ്യാപക പ്രസ്ഥാനമാണിത്. നിസ്വാര്‍ത്ഥരായ അധ്യാപക സമൂഹത്തിന്റെ എല്ലാവിധ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി സംഘടന പ്രവര്‍ത്തിക്കുന്നു. മുഅല്ലിം സര്‍വീസ് ആനുകൂല്യം, മുഅല്ലിം ക്ഷേമനിധി, മുഅല്ലിം ഡെപ്പോസിറ്റ് സ്‌കീം, മുഅല്ലിം പെന്‍ഷന്‍, സര്‍വീസ് അവാര്‍ഡ്, സേവന അവാര്‍ഡ്, മാതൃകാ അവാര്‍ഡ്, സ്മരണാ അവാര്‍ഡ്, വിവാഹം, വീടുനിര്‍മാണം, മരണാനന്തരക്രിയ, അത്യാഹിതം, അവശത തുടങ്ങിയ സഹായ പദ്ധതികള്‍, ഇന്‍സര്‍വീസ്, ലിഖിത പരിജ്ഞാന കോഴ്‌സുകള്‍, തദ്‌രീബ് (അധ്യാപന- അധ്യാപക- റെയ്ഞ്ച്) ശാക്തീകരണ പദ്ധതികള്‍, മദ്‌റസകളുടെ വളര്‍ച്ച ലക്ഷ്യമാക്കി നടപ്പിലാക്കിയ സെക്കണ്ടറി, ഹയര്‍സെക്കണ്ടറി ഗ്രാന്റുകള്‍, വിദ്യാര്‍ത്ഥികള്‍ മുഅല്ലിംകള്‍, മാനേജുമെന്റുകള്‍ എന്നിവരുടെ പുരോഗതിയും ഉന്നമനവും ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്ന പ്രത്യേക പഠന ക്യാമ്പുകളും ക്ലാസുകളും ശില്‍പശാലകളും, മതവിജ്ഞാന രംഗത്ത് സേവനം കാഴ്ചവെച്ച് മണ്‍മറഞ്ഞുപോയ ഓരോ പ്രദേശത്തെയും നേതാക്കളെയും പണ്ഡിതരെയും സ്മരിക്കുന്നതിനും വര്‍ത്തമാന കാല നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുന്നതിനും നടപ്പിലാക്കിയ മുഅല്ലിം ഡെയും, അധ്യാപക വിദ്യാര്‍ത്ഥി കലാ സാഹിത്യമേളകളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തി വരുന്നു.
കൂടാതെ ഒന്നു മുതല്‍ പത്തുവരെയുള്ള മദ്‌റസാ ക്ലാസുകളിലെ (പൊതുപരീക്ഷ ഒഴികെ) എല്ലാ പരീക്ഷകളും അതു സംബന്ധമായ റിക്കാര്‍ഡുകളും ചോദ്യപേപ്പറുകളും സംഘടന വിതരണം ചെയ്തുവരുന്നു. സമൂഹത്തിന്റെ പാതിയായ വനിതകളുടെ വൈജ്ഞാനിക ധാര്‍മിക പുരോഗതിയും പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. അല്‍മുഅല്ലിം മാസികയാണ് സംഘടനയുടെ മുഖപത്രം. സന്തുഷ്ട കുടുംബം വനിതാ മാസിക, കുരുന്നുകള്‍ കുട്ടികളുടെ മാസിക എന്നിവയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുറത്തിറക്കുന്നു. കൂടാതെ മുഅല്ലിം പബ്ലിഷിങ് ബ്യൂറോയിലൂടെ സമൂഹത്തിന്റെ നന്മക്കാവശ്യമായ കാലികവും താത്വികവുമായ എല്ലാ വിജ്ഞാനഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നു.മദ്റസാദ്ധ്യാപകരുടെ സേവന രംഗം പ്രവര്ത്തനക്ഷമമാക്കാനും മദ്റസാദ്ധ്യാപനത്തിലെ അപാകതകളും പാകപ്പിഴകളും പരിഹരിക്കാനും വേണ്ടി ഊര്ജ്ജിത ശ്രമങ്ങളുടെ ഫലമായാണ് 1957 ല് സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നിലവില് വന്നത്. 385 റെയ്ഞ്ചുതല ഘടകങ്ങള് ഇപ്പോള് ഇതിനു കീഴില് പ്രവര്ത്തിച്ചു വരുന്നു. മദ്റസാ ക്ലാസുകളിലെ പാദ അര്ദ്ധ വാര്ഷിക പരീക്ഷകളും (5, 7, 10 ക്ലാസുകളിലെ വാര്ഷിക പരീക്ഷകളൊഴികെ) പ്രസ്തുത സംഘം നടത്തി വരുന്നു. മുഅല്ലിം ക്ഷേമനിധി, മുഅല്ലിം നിക്ഷേപ പദ്ധതി, മുഅല്ലിം പെന്ഷന് പദ്ധതി, ഗ്രാറ്റിവിറ്റി തുടങ്ങി മദ്റസാദ്ധ്യാപകര്ക്ക് പ്രയോജനപ്രദമായ പല പദ്ധതികളും ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നടപ്പാക്കി വരുന്നു. പതിനാല് തരം സര്വ്വീസ് ആനുകൂല്യങ്ങളും ആറ് തരം ക്ഷേമനിധി ആനുകൂല്യങ്ങളുമാണ് ഈ വിഭാഗത്തില് പെട്ടത്. അല്മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള് എന്നീ പ്രസിദ്ധീകരണങ്ങള് സെന്ട്രല് കൗണ്സിലിന്റെ കീഴില് എല്ലാ മാസവും പുറത്തിറങ്ങുന്നു. പ്രാപ്തരും പരിശീലനം നേടിയവരുമായ മുഅല്ലിം സമൂഹത്തെ സൃഷ്ടിച്ചെടുക്കാന് മുഅല്ലിം ട്രൈനിംഗ് സെന്ററും , മുസ്ലിം വിദ്യാര്ത്ഥിനികള്ക്ക് പരിപൂര്ണ്ണ ചിട്ടയോടെ മത ഭൗതിക വിദ്യാഭ്യാസം നല്കുന്നതിന് വനിതാ ശരീഅത്ത് കോളേജും കൗണ്സിലിനു കീഴില് പ്രവര്ത്തിക്കുന്നു. മഹനീയമായൊരു സമുദായ സേവനമാണ് കേരളത്തിലുടനീളമുള്ള മദ്റസാദ്ധ്യാപകര് നിര്വ്വഹിക്കുന്നത്. പ്രാരാബ്ധങ്ങളും കടുത്ത ജീവിത സാഹചര്യങ്ങളും കാരണം അവശതയനുഭവിക്കുന്ന അവരുടെ പ്രയാസങ്ങളും പരിദേവനങ്ങളുമൊപ്പാന് വേണ്ടി അവരില് നിന്നും അര്ഹരായവര്ക്ക് ജംഇയ്യത്തുല് മുഅല്ലിമീന് സേവന ആനുകൂല്യങ്ങള് നല്കി വരുന്നു. ഈയിനത്തില് സമുദായ സ്നേഹികളുടെ സാന്പത്തികവും ശാരീരികവുമായുള്ള വിശാല മനസ്കത ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനു പുറമെ റെയ്ഞ്ചുകളില് നടത്തപ്പെടുന്ന മോഡല് ക്ലാസ്, സ്പെഷ്യല് മാതൃകാ ക്ലാസ്, ലിഖിത പരിജ്ഞാന കോഴ്സ്, ഇന്സര്വ്വീസ് കോഴ്സ് തുടങ്ങിയവക്കും, റെയ്ഞ്ച് ജില്ലാ സംരംഭങ്ങള്ക്കും നിശ്ചിത തുക ഗ്രാന്റായും അലവന്സായും ജംഇയ്യത്തുല് മുഅല്ലിമീന് നല്കുന്നു. വര്ഷങ്ങളോളം സേവനനിരതരായ മുഅല്ലിംകള്ക്കുള്ള പുരസ്കാരങ്ങള് , സേവനത്തില് നിന്നും വിരമിച്ചവര്ക്കുള്ള പെന്ഷന് തുടങ്ങിയവയും മദ്റസാ അദ്ധ്യാപകന്മാരുടെ ഉന്നമനത്തിനായി സെന്ട്രല് കൗണ്സില് നടപ്പാക്കിയ സംരംഭങ്ങളില് പെടുന്നു. മദ്റസാ വിദ്യാര്ത്ഥികളുടെ നാനോന്മുഖമായ പുരോഗതികള്ക്കു വേണ്ടി രൂപീകൃതമായ സമസ്ത കേരള സുന്നി ബാല വേദിക്ക് രൂപം നല്കിയതും അതിന്റെ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കുന്നതും കൗണ്സില് ആണ്.
പ്രവര്‍ത്തന മേഖല
കേരള സംസ്ഥാനം പൂര്‍ണമായും, കര്‍ണാടകയിലെ ദക്ഷിണ കര്‍ണാടക- ചിക്മഗളൂര്‍- പുത്തൂര്‍- മംഗലാപുരം- ബാംഗ്ലൂര്‍- കൊടക്- ഹാസന്‍ ഷിമോഗ ജില്ലകള്‍, തമിഴ്‌നാട്ടിലെ നീലഗിരി- കന്യാകുമാരി- ചെന്നൈ- കോയമ്പത്തൂര്‍ ജില്ലകള്‍, മഹാരാഷ്ട്രയിലെ മുംബൈ, കേന്ദ്രഭരണ പ്രദേശമായ അമിനി- കില്‍താന്‍- കവരത്തി- കല്‌പേനി (ലക്ഷദ്വീപുകള്‍)- ആന്തമാന്‍, നിക്കോബാര്‍ ദ്വീപുകള്‍.
ഇന്ത്യക്കുപുറത്ത്:
മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇ.യിലെ അബൂദാബി, അല്‍ഐന്‍, ദുബായ്, അജ്മാന്‍, ഫുജൈറ, ഷാര്‍ജ, റാസല്‍ഖൈമ, ബര്‍ദുബൈ, ദേരാ ദുബൈ, ബദാസാഇദ്, ഒമാനിലെ മസ്‌കത്ത്, സലാല, റൂവി, സീബ്, കസബ്, സൂര്‍, ബഹ്‌റൈനിലെ മനാമ, മുഹര്‍റഖ്, ഹൂറ, ഹിദ്ദ്, ഗുദൈബിയ, റഫ, സല്‍മാബാദ്, ജിദാലി, സഊദിയിലെ ജിദ്ദ.
ക്ലാസ്- കോഴ്‌സ്:
മാതൃകാ മുഅല്ലിംകളെ തയ്യാറാക്കല്‍, ഇന്‍ സര്‍വ്വീസ് കോഴ്‌സുകള്‍, മാതൃകാ- മോഡല്‍ ക്ലാസുകള്‍, ഖുര്‍ആന്‍ പാരായണ അധ്യാപന പരിശീലനം, ലിഖിത പരിജ്ഞാന കോഴ്‌സ്, വയോജന ക്ലാസ്, അധ്യാപക- വിദ്യാര്‍ത്ഥി, മദ്‌റസാ മാനേജ്‌മെന്റ് പ്രവര്‍ത്തക ക്യാമ്പുകള്‍, പ്രസംഗ-പ്രബന്ധ- പാഠപുസ്തക ശില്‍പശാലകള്‍, അധ്യാപക-വിദ്യാര്‍ത്ഥി കലാമേളകള്‍, ‘മുഅല്ലിം ഡെ’ ആചരണം.
ആനുകൂല്യങ്ങള്‍
ഗ്രാന്റ്, അലവന്‍സുകള്‍, സേവന, സര്‍വീസ്, സ്മാരക, മാതൃകാ അധ്യാപക അവാര്‍ഡുകള്‍, സാമ്പത്തിക സഹായങ്ങള്‍, റെയ്ഞ്ച്-ജില്ലാ- സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി മദ്‌റസാ ഗ്രാന്റുകള്‍, മോഡല്‍ ക്ലാസ്, റെയ്ഞ്ച്- ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, ചെയര്‍മാന്‍ അലവന്‍സുകള്‍, സര്‍വ്വീസ്- കോഴ്‌സ് ആനുകൂല്യം, മുഅല്ലിം ക്ഷേമനിധി, നിക്ഷേപ പദ്ധതി, പെന്‍ഷന്‍, അത്യാഹിത-അവശതാ സഹായം, മയ്യിത്ത് പരിപാലന സഹായം.
കീഴ്ഘടകങ്ങള്‍
റെയ്ഞ്ച് ഘടകങ്ങള്‍: 556. രൂപീകരണം: 1957
ജില്ലാ ഘടകങ്ങള്‍: 20. രൂപീകരണം: 1975
പരീക്ഷ നടപ്പാക്കിയ വര്‍ഷം
വാര്‍ഷികം: 1963.
അര്‍ദ്ധവാര്‍ഷികം: 1963.
പാദവാര്‍ഷികം: 1999.
[/two_third]