-
വനിതാ ശരീഅത്ത് കോളേജ്
സമൂഹത്തിന്റെ പാതിയും കുടുംബത്തിന്റെ ഭരണാധിപയുമായ സ്ത്രീസമൂഹത്തെ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ചു നിറുത്തുന്നതിനും ഭാവി കുടുംബ ജീവിതത്തില്‍ തങ്ങളിലര്‍പിതമായ ഉത്തമ സമൂഹ സൃഷ്ടിപ്പിനുതകുംവിധം മത വിജ്ഞാനത്തോടൊപ്പം ബി.എ. അഫ്‌ളലുല്‍ ഉലമ ഡിഗ്രിയും കമ്പ്യൂട്ടര്‍, ഹോം സയന്‍സ്, എംബ്രോയിഡറി എന്നിവയില്‍ പരിശീലനവും നല്‍കി പ്രാപ്തരാക്കുക. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം, ആദര്‍ശം എന്നിവക്ക് പുറമെ ഗൃഹഭരണം, ശിശു പരിപാലനം, തുടങ്ങി ഉത്തമ കുടുംബിനിയാവാന്‍ ആവശ്യമായ എല്ലാ മത ഭൗതിക വിജ്ഞാനങ്ങളിലും പ്രത്യേക അധ്യാപനവും ഉത്‌ബോധന പരിശീലനവും നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ചേളാരിക്കു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. തികച്ചും ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ഈ സ്ഥാപനത്തിന് പ്രാപ്തരായ സ്ത്രീകള്‍തന്നെ നേതൃത്വം നല്‍കുന്നു. എല്ലാ അദ്ധ്യയന വര്‍ഷങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ ഇവിടെ പ്രവേശനം ലഭിക്കും.
-
മുഅല്ലിം ട്രെയിനിംഗ് സെന്റര്‍
മദ്‌റസാ പ്രസ്ഥാനം അനുദിനം പുരോഗമിച്ചു വരികയാണ്. ഈ മേഖലയില്‍ പ്രാപ്തരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചേളാരി സമസ്താലയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
പ്രായോഗിക പരിജ്ഞാനവും അധ്യായന സാങ്കേതിക വിദ്യകളും ഭാഷാ പരിജ്ഞാനങ്ങളും അധ്യാപന മനഃശാസ്ത്രവുമെല്ലാം നല്‍കി മുഅല്ലിംകളെ പരിശീലിപ്പിച്ചെടുക്കുകയാണിവിടെ. മുഅല്ലിം ട്രൈനിംഗ് സെന്ററില്‍ നിന്നും പത്ത് ബാച്ചുകള്‍ ഇതിനകം പഠനം പൂര്‍ത്തിയാക്കി. തുടര്‍ പഠനത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്തു വരുന്നു. ഒരു വര്‍ഷമാണ് കോഴ്‌സ് കാലം. സൗജന്യ താമസ ഭക്ഷണത്തിനു പുറമെ സ്റ്റൈപന്റും നല്‍കിയിരുന്നു.
-
മുഅല്ലിം കോംപ്ലക്‌സ്
കോഴിക്കോട് നഗരത്തില്‍ ബേബി ഹോസ്പിറ്റലിനു സമീപം ബൈപാസ് റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വകയായുള്ള സ്ഥാപനമാണിത്. ഷോപ്പിങ് കോംപ്ലക്‌സ്, ഓഫീസ് സൗകര്യങ്ങള്‍, കാര്‍പാര്‍ക്കിങ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്. സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ സബ് ഓഫീസ് ഈ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്നു.
-
മുഅല്ലിം ഓഫ്‌സെറ്റ്
ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണിത്. പ്രസിദ്ധീകരണങ്ങള്‍, ഓഫീസ് സംബന്ധമായ പ്രസ് വര്‍ക്കുകള്‍, മദ്‌റസകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ തുടങ്ങി എല്ലാവിധ അച്ചടികളും ഇവിടെ നടക്കുന്നു. ആധുനിക രീതിയിലുള്ള കളര്‍ പ്രിന്റിങ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്.
-
മുഅല്ലിം പബ്ലിഷിംഗ് ബ്യൂറോ
അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബഹുജനങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ ഉതകുന്ന ബ്രഹത്ഗ്രന്ഥങ്ങളും മുസ്‌ലിം സമുദായത്തിന്റ ശരിയായ സംസ്‌കൃതിക്കും ധാര്‍മിക ഉന്നമനത്തിനും ഉതകുന്നതും പ്രായത്തിനും വിഭാഗത്തിനും അനുയോജ്യവുമായ ഇസ്‌ലാമിക സാഹിത്യങ്ങളും ലഭ്യമാക്കുക, സുന്നീ എഴുത്തുകാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കുക തുടങ്ങിയവയാണ് ബ്യൂറോയുടെ ലക്ഷ്യം. രണ്ട് ഡസനിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.