മലപ്പുറം: ചെറുപ്രായത്തില്‍ തന്നെ അക്ഷരജ്ഞാനവും ധാര്‍മിക ശിക്ഷണവും നല്‍കി ഭാവി സമൂഹത്തെ മതബോധമുള്ളവരാക്കിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മദ്‌റസാ അധ്യാപകര്‍. സേവനരംഗത്ത് നിന്ന് വിരമിച്ച് അവശത അനുഭവിക്കുന്ന മുഅല്ലിംകളെ സഹായിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക കര്‍മ പദ്ധതിയുടെ ഭാഗമായി പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പെന്‍ഷനേഴ്‌സ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറ ലക്ഷ്യബോധവും, കര്‍മശേഷിയും നഷ്ടപ്പെട്ടവരായി ഉള്‍വലിയുന്ന വര്‍ത്തമാനകാലത്ത് അവരെ നേര്‍പാതയിലേക്ക് കൊണ്ടുവരേണ്ട ചുമതലകൂടി മുഅല്ലിംകള്‍ക്കുണ്ടെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന അഞ്ഞൂറോളം മുഅല്ലിംകളെ പ്രത്യേക ഉപഹാരം നല്‍കി തങ്ങള്‍ ആദരിച്ചു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, ബി.എസ്‌കെ. തങ്ങള്‍, ശഫീഖലി ശിഹാബ് തങ്ങള്‍, സമീറലി ശിഹാബ് തങ്ങള്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.കെ.ഇബ്‌റാഹീം മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, എം.എ. ചേളാരി, അബ്ദുല്‍ ഖാദര്‍ ഖാസിമി, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുസ്സ്വമദ് മുട്ടം, സി.മുഹമ്മദലി ഫൈസി പാലക്കാട്, ഇല്‍യാസ് ഫൈസി തൃശൂര്‍, ശമീര്‍ ഫൈസി ഒടമല, എ.വി. മജീദ് ഫൈസി സംസാരിച്ചു. സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മൗലവി നന്ദി പറഞ്ഞു.