പൗരത്വ നിയമത്തിന് വേണ്ടിയുള്ള നീക്കം ഗാന്ധിയെ രണ്ടാമതും വധിക്കുന്നതിനു തുല്യം: സ്പീക്കര്‍

രാജ്യത്തെ മതന്യൂനപക്ഷത്തിന്റെ ഭാവിയെ വെല്ലുവിളിക്കുന്ന പൗരത്വ ഭേദഗതി നിയമം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രണ്ടാമതും വധിക്കുന്നത്തിനു തുല്യമാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കരിനിയമത്തിനെതിരെ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച് ബഹുജനങ്ങള്‍ ഏറ്റെടുത്ത പ്രക്ഷോഭം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. വിഭാഗീയമായി ചിന്തിക്കേണ്ട സമയമല്ല ഇത്്. രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായി രംഗത്തുവരണം. യുവത്വത്തിന്റെ പോരാട്ടവീര്യത്തെ അതിജയിക്കാന്‍ ഭരണകൂടത്തിന്റെ മര്‍ദക സംവിധാനങ്ങള്‍ക്ക് സാധിക്കില്ല. ഈ പോരാട്ടത്തില്‍ പൊതുജനം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.