മതേതരത്വവും ധാര്‍മികതയും പഠിച്ചത് മദ്‌റസയില്‍ നിന്ന്: കെ.ടി ജലീല്‍

കൊല്ലം: മദ്‌റസയിലെ അധ്യാപകരില്‍ നിന്നാണ് മതേതരത്വത്തിന്റെയും ധാര്‍മികതയുടെയും ആദ്യ പാഠങ്ങള്‍ പഠിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങളാണ് മദ്‌റസകള്‍ പകര്‍ന്ന് നല്‍കുന്നത്. അന്യമതസ്ഥനെ ബഹുമാനിക്കണമെന്നും സ്‌നേഹിക്കണമെന്നുമാണ് എന്നെ മദ്‌റസയിലെ അധ്യാപകന്‍ പഠിപ്പിച്ചത്. രാജ്യസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും കേരളത്തിലെ ഓരോ മദ്‌റസകളും പകര്‍ന്നുനല്‍കുന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്നലെ രാത്രി സംഘടിപ്പിച്ച ‘വിശ്വശാന്തിക്ക് മതവിദ്യ’ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.ടി ജലീല്‍ പറഞ്ഞു. മദ്‌റസാ അധ്യാപകരുടെ സാമ്പത്തിക-ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ മദ്‌റസാ അധ്യാപക ക്ഷേമനിധി കൂടുതല്‍ വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. സെമിനാറിന് പി. ഹസന്‍ മുസ്്‌ലിയാര്‍ ആമുഖഭാഷണം നടത്തി. സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ ഹുദവി ചേകന്നൂര്‍, റഫീഖ് സകരിയ്യ ഫൈസി കൂടത്തായ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. സാലിം ഫൈസി കൊളത്തൂര്‍, സ്വാദിഖ് ഫൈസി താനൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സലാം ഫൈസി ഒളവട്ടൂര്‍, അബൂബകര്‍ സാലൂദ് നിസാമി, സി.പി ഇഖ്ബാല്‍, ഇബ്‌നു ആദം കണ്ണൂര്‍, ഇബ്‌റാഹീം ബാഖവി പൊന്ന്യം, വൈ.എം ഉമര്‍ ഫൈസി കൊടക്, അബ്ദുല്ല കുണ്ടറ, ബീരാന്‍ ഹാജി പൊട്ടച്ചിറ, എന്‍.കെ മുഹമ്മദ് ഫൈസി എറണാകുളം, കെ.ഇ മുഹമ്മദ് മുസ്്‌ലിയാര്‍ തൊടുപുഴ, സുനില്‍ഷാ കൊല്ലൂര്‍വിള തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മുഹമ്മദ് ഫൈസി കോട്ടോപ്പാടം നന്ദി പറഞ്ഞു.