മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഭരണകൂടം നേതൃത്വം കൊടുക്കുന്നു: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നത് ഗൗരവതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം. പി. മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നകരമായ നിയമ നിര്‍മാണങ്ങളുമായി കേന്ദ്രം മുന്നോട്ടുപോവും. എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നുണ പറയുകയാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഒന്നൊന്നായി രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ നിയമ നിര്‍മാണങ്ങള്‍ നടപ്പിലാക്കാന്‍ മതേതര സമൂഹം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ മുസ്്‌ലിം പ്രശ്‌നമായി അവതരിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. രാജ്യത്തെ ഓരോ പൗരന്റെയും മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശിയം: സിംബോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.