കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മദ്‌റസാ പഠനം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ കോവിഡാനന്തര മദ്‌റസാ വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിനായി അദ്ധ്യാപകര്‍ക്ക് റെയ്ഞ്ച് തലങ്ങളില്‍ കോച്ചിങ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 150 മുദരിബുമാരെ കര്‍മരംഗത്തിറക്കി. ഫെബ്രുവരി മുതല്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 518 റെയ്ഞ്ചുകളില്‍ നടക്കുന്ന പാഠശാലകള്‍ക്ക് മുദരിബുമാര്‍ നേതൃത്വം നല്‍കും.
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ മുദരിബുമാര്‍ക്ക് നടത്തിയ ശില്‍പശാല എസ്.കെ.ജെ.എം.സി.സി. പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. തദ്‌രീബ് കോര്‍കമ്മിറ്റി ചെയര്‍മാന്‍ കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. എസ്.കെ.ജെ.എം.സി.സി. ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.എഛ്.കോട്ടപ്പുഴ, റഹീം മാസ്റ്റര്‍ ചുഴലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എം.എ ചേളാരി, പി.ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്‍, ഇസ്മാഈല്‍ ഫൈസി വണ്ണപുരം സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കണ്‍വീനര്‍ കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.