‘സമസ്താലയം’ ധന്യസ്മൃതികളിലേക്ക്

‘സമസ്ത’യെന്ന പേരിനൊപ്പം സുന്നീപ്രവര്‍ത്തകരുടെ ഹൃദായാന്തരങ്ങളില്‍ മഹദ്സ്ഥാനമായലങ്കരിക്കുന്ന ചേളാരിയിലെ ‘സമസ്താലയം’ ധന്യസ്മൃതികളിലേക്ക് വഴിമാറുന്നു. സമസ്താലയത്തിന്റെ മൂന്ന് ബില്‍ഡിങുകള്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ്. നിലവിലുള്ള ഓഫീസുകള്‍ താത്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്‌ലാമിക തത്വസംഹിതകളുടെ പ്രചാരണവും പ്രബോധനവും ലക്ഷ്യമാക്കി 1926 ജൂണ്‍ 26 ന് സ്ഥാപിതമായ പണ്ഡിത സംഘടനയാണ് ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ്’. അരനൂറ്റാണ്ടു കാലത്തോളം സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നത് കോഴിക്കോട്ടെയും പരപ്പനങ്ങാടിയിലെയും വാടക കെട്ടിടങ്ങളിലും വാളക്കുളത്ത് ഒരു വീട്ടിലും പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകള്‍ വഴിയായിരുന്നു. സ്വന്തമായൊരു ഓഫീസ് സമുച്ചയം സമസ്തയുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചിരകാല സ്വപ്‌നമായിരുന്നു.

1969 ജനുവരി 11 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് മുശാവറ യോഗത്തില്‍ ചേളാരിയില്‍ ഒരു ആസ്ഥാനമന്ദിരം സ്ഥാപിക്കാനുള്ള സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നുള്ള ആവശ്യത്തിന് മുശാവറ അംഗീകാരം നല്‍കി. 1969 മെയ് 15ന് ചേര്‍ന്ന് മുശാവറ യോഗത്തില്‍ മന്ദിരം നിര്‍മിക്കുന്നതിനായി ഒരു സബ് കമ്മിറ്റിയും രൂപീകരിച്ചു. മാന്നാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.പി ഉസ്മാന്‍ സാഹിബ്, പൂക്കോയ തങ്ങള്‍ ജമലുല്ലൈലി, സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍, ഹാജി പി അബൂബക്ര്‍ നിസാമി, വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, കെ.ടി മാനു മുസ്ലിയാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
ചേളാരിയില്‍ മാന്നാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്ത് 1969 ആഗസ്റ്റ് 24ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒ.പി.എം ചെറു കോയതങ്ങള്‍ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. അന്ന് വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള രണ്ടായിരത്തോളം മദ്‌റസകളില്‍ നിന്ന് ബില്‍ഡിങ് നിര്‍മാണത്തിന് മുക്കാല്‍ ലക്ഷം രൂപ പിരിച്ചെടുത്തു. ഒരു മദ്‌റസാ വിദ്യാര്‍ത്ഥിയുടെ പക്കല്‍നിന്ന് പത്തു പൈസ പ്രകാരം കളക്ഷന്‍ നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഉദാരമതികളായ ദീനീസ്‌നേഹികളുടെ സഹകരണത്താല്‍ ചേളാരിയില്‍ സമസ്താലയം സ്ഥാപിക്കപ്പെട്ടു.

1970 ഡിസംബര്‍ 20ന് ഞായറാഴ്ചയാണ് മൂന്നു നിലകളുള്ള സമസ്താലയം സമൂഹത്തിന് സമര്‍പിക്കപ്പെട്ടത്. പാണക്കാട് പൂക്കോയ തങ്ങളായിരുന്നു ഉദ്ഘാടകന്‍. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ സ്വൂഫിവര്യന്‍ ആലുവായ് അബൂബക്ര്‍ മുസ്‌ല്യാരു(മാടവന, മുടിക്കല്‍)ടെയും മറ്റും അനുഗൃഹീതമായ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന സമ്മേളനം.

അരനൂറ്റാണ്ടു കാലം സമസ്തയുടെ അടയാളവും സമുദായത്തിന്റെ ഹൃദയവുമായിരുന്ന ഈ കെട്ടിടം ചരിത്രത്തിലേക്ക് വഴിമാറുകയാണ്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫീസ് എന്നിവ ഉള്‍പ്പെടെ വിവി ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു. നിരവധി പണ്ഡിത മഹത്തുക്കളുടെയും സാദാത്തുക്കളുടെയും നിശ്വാസങ്ങളാല്‍ പുളകിതമായ ഈ സമുച്ചയം ഇനി സമസ്തയുടേയും ചരിത്രമായി സ്മരിക്കപ്പെടും.

അല്‍ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ സഹകരണത്തോടെയാണ് സമസ്താലയത്തിന് അനുബന്ധമായി രണ്ടാമതൊരു ബില്‍ഡിങ് നിര്‍മിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് വേണ്ടിയായിരുന്നു ഈ സമുച്ചയം. അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍ സമസ്താലയത്തിന് ചേര്‍ന്നുള്ള 87 സെന്റ് സ്ഥലം വാങ്ങി അതില്‍ ഒരു ബില്‍ഡിങ് പണിയുകയായിരുന്നു.
സുന്നി യൂത്ത് സെന്ററിന്റെ അന്നത്തെ നേതാക്കളായിരുന്ന പ്രസിഡണ്ട് ഹാജി പി. അബൂബക്ര്‍ നിസാമി, സെക്രട്ടറി സൈതു മുഹമ്മദ് ഹാജി കൈപ്പമംഗലം, ഹമീദ് ഹാജി ചൊവ്വ, വി.പി പൂക്കോയതങ്ങള്‍ കാടാമ്പുഴ, ആദൃശ്ശേരി ഹംസക്കുട്ടി ഉസ്താദ്, ഇ.കെ മൊയ്തീന്‍ ഹാജി, ആലുവ ആലിക്കുഞ്ഞി ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബില്‍ഡിങ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മര്‍ഹും അത്തിപ്പറ്റ ഉസ്താദിന്റെ ഉപദേശ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ഈ സംരംഭത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്.

പിന്നീട് സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റേയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. സാമൂഹ്യ പിന്തുണയോടെ മദ്‌റസാപ്രസ്ഥാനം വിപുലമായി. രണ്ടു പതിറ്റാണ്ടിനു ശേഷം നിലവിലുള്ള കെട്ടിടങ്ങള്‍ മതിയാവാതെ വന്നപ്പോള്‍ സമസ്താലയത്തിന് സമീപത്തായി പുതിയൊരു കെട്ടിടത്തെ കുറിച്ചുള്ള ആലോചനകള്‍ വന്നു.
1993 ഡിസംബര്‍ 22,23,24 തിയ്യതികളില്‍ ചേളാരിയില്‍ വെച്ച് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളനം ചരിത്ര പ്രസിദ്ധമാണ്. പ്രതിസന്ധികള്‍ നിറഞ്ഞ ഒരു ഘട്ടത്തിലായിരുന്നു സമസ്തയുടെ പ്രസ്തുത സമ്മേളനം. പരിപാടിയോടനുബന്ധിച്ച് 1993 ഡിസംബര്‍ 24ന് വെള്ളിയാഴ്ച പുതിയൊരു ഓഫീസ് സമുച്ചയത്തിന് ശിലാസ്ഥാപനം നടന്നു. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമ ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ശിലാസ്ഥാപനം നിര്‍വഹിച്ചത്. വിദ്യാഭ്യാസബോര്‍ഡിനും ജംഇയ്യത്തുല്‍ മുഅല്ലിമീനും വിശാലമായ വെവ്വേറെ ഓഫീസുകളും ഷോപ്പിങ് റുമുകളും, അനുബന്ധമായ സൗകര്യങ്ങളുമെല്ലാം ആധുനിക രീതിയില്‍ സജ്ജീകരിച്ചിരുന്നു. മദ്‌റസാ വിദ്യാര്‍ത്ഥികളില്‍ നിന്ന് 10 രൂപ വീതം കളക്ഷന്‍ നടത്തിയും മറ്റുമൊക്കെയായിരുന്നു ഫണ്ട് കണ്ടെത്തിയത്.
1998 മെയ് 16ന് ശനിയാഴ്ചയായിരുന്നു ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 23 വര്‍ഷത്തിനിപ്പുറം ഈ കെട്ടിടമടക്കമുള്ള മൂന്ന് ബില്‍ഡിങുകളും ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെടുകയാണ്.
സമസ്തയുടെ പൂര്‍വകാല നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചിരകാല സ്മരണകള്‍ ചരിത്ര രേഖകളായി പരിണമിക്കുന്നു.

സമസ്തയെന്ന പേരിനൊപ്പം ‘ചേളാരി’ എന്ന സ്ഥലവും കേരളമാകെ അറിയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ’യുടെ ആസ്ഥാന ഓഫീസ് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലാണ്. വിദ്യാഭ്യാസ ബോര്‍ഡിന്റെ ബുക്ക്ഡിപ്പോ ഇതോടനുബന്ധിച്ചാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന പോഷകഘടകങ്ങളായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നീമഹല്ല് ഫെഡറേഷന്‍, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി ബാലവേദി, അസ്മി, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സമസ്ത ലീഗല്‍ സെല്‍, സമസ്ത പ്രവാസി സെല്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍ തുടങ്ങിയവയുടെ ആസ്ഥാനം ചേളാരിയില്‍ തന്നെയാണ്.

2019 ജൂലൈ 24ന് ചേളാരിയില്‍ വിശാലമായ സൗകര്യങ്ങളോടെ മുഅല്ലിം ഓഡിറ്റോറിയം പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന് കീഴിലാണ് ഇത് നിര്‍മിച്ചത്.

2021 ജൂലൈ 1 മുതല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫീസ് മേല്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള പ്രസ്സ് ബില്‍ഡിങിലേക്ക് താല്‍ക്കാലികമായി മാറി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിന് താഴ്ഭാഗത്ത് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസും 14-07-2021 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. ഇന്ന് (14-07-2021) ചേരുന്ന വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് യോഗത്തോടനുബന്ധിച്ച് താല്‍ക്കാലികമായി സംവിധാനിച്ച ഓഫീസിന്റെ ഉദ്ഘാടനം നടക്കും. സജ്ജീകരിച്ചു. പൊളിച്ചു മാറ്റപ്പെടുന്ന ബില്‍ഡിങിന് പകരമായി അതേ കോമ്പൗണ്ടില്‍ പുതിയ ‘സമസ്താലയം’ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു.